മമ്മൂക്കയ്ക്കു വേണ്ടി മധുരരാജയിൽ ഡബ്ബ് ചെയ്തത് ഞാനായിരുന്നു : കാതലിന്റെ തിരക്കഥാകൃത്ത്


2019 ൽ പുറത്തിറങ്ങിയ മമ്മൂട്ടി വൈശാഖ് ചിത്രം മധുരരാജ തമിഴിലേക് ഡബ്ബ് ചെയ്തപ്പോൾ അതിൽ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തത് താൻ ആയിരുന്നു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കാതലിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആദർശ് സുകുമാരൻ. ഡബ്ബിങ്ങിനിടയിൽ സ്വന്തം ക്യാമറയിൽ എടുത്ത ഒരു ഫോട്ടോ സഹിതമാണ് ആദർശ് ഇൻസ്റ്റാഗ്രാമിൽ ഇത് കുറിച്ചത്.

"ഈ മൊമെന്റ് 2019ൽ മധുരരാജ എന്ന സിനിമയുടെ തമിഴ് വേർഷനിൽ മമ്മൂക്കയ്ക്കു വേണ്ടി ഡബ്ബ് ചെയ്തപ്പോൾ എന്റെ സ്വന്തം ലെൻസിൽ എടുത്തതാണ്. ഇന്ന് ഇപ്പോൾ നാല് വർഷത്തിന് ശേഷം ഞാൻ കഥ എഴുതിയ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നു എന്നു മാത്രമല്ല. അദ്ദേഹത്തിന്റെ കൂടെ സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാനും എനിക്ക് സാധിച്ചു. ശെരിക്കും ഇതൊരു ഫാൻ ബോയ് മൊമെന്റ് തന്നെ.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഈ പ്രൊജക്റ്റ്‌ നാളെ റിയാലിറ്റി ആവുകയാണ്."

"എന്റെ ആദ്യ സ്ക്രിപ്റ്റ് ആണ്  കാതൽ, പോൾസൺ സ്കറിയയുമായി ചേർന്ന് ഞാൻ എഴുതിയ ഈ കഥ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുമെന്നു ഉറപ്പുണ്ട്. മമ്മൂക്കയും ജ്യോതിക മാമും പ്രധാന വേഷത്തിൽ എത്തുന്ന ഈ ജിയോ ബേബി ചിത്രത്തെ നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും പിന്തുണയ്ക്കണം."-ആദർശ് കുറിച്ചു.

കാതൽ എഴുതിയതിനു ശേഷം പോൾസൺ സ്കറിയയോടൊപ്പം തന്നെ ചേർന്ന് സ്ക്രിപ്റ്റ് എഴുതിയ നെയ്മർ വിജയം ആയിരുന്നു. അതിനു ശേഷം ഷബാസുമായി ചേർന്ന് എഴുതിയ RDX സൂപ്പർഹിറ്റ് ആയി. ഈ രണ്ടു ചിത്രത്തിലും ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആദർശ് കാതലിലും ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന വൈശാഖ് ചിത്രം ടർബോയിലും ആദർശ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്..

Comments