മമ്മൂട്ടി ഡബ്ബ് ചെയ്ത് കുളമാക്കിയ സിനിമ..





മലയാള സിനിമയിൽ പ്രധാന നടന്മാരിൽ ഏറ്റവും നന്നായി ഡബ്ബ് ചെയുന്ന നടൻ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ. അത് സാക്ഷാൽ മമ്മൂട്ടി തന്നെ. ഡബ്ബിങ് കൊണ്ട് മാത്രം സീനുകളെ ഉയർത്തി കൊണ്ടു വരാൻ മമ്മൂട്ടിക്കു പ്രത്യേക കഴിവാണ്. ശബ്ദത്തിന്റെ ചില ഉയർച്ച താഴ്ചകൾ, തന്നിൽ ഉറങ്ങി കിടക്കുന്ന മിമിക്രി എന്ന കലയുടെ കൂടെ സഹായത്തോടെ മനോഹരമാക്കാൻ മമ്മൂട്ടിക്ക് പ്രത്യേക വൈദഗ്ത്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെ പലരും പറഞ്ഞിട്ടുള്ള കാര്യമാണ് "കഥ പറയുമ്പോൾ" എന്ന ചിത്രത്തെ മമ്മൂട്ടി തന്റെ ഡബ്ബ്ബിങ് കൊണ്ട് ലിഫ്റ്റ് ചെയ്ത കാര്യം.

എന്നാൽ തന്റെ ആദ്യ കാല സിനിമകളിൽ പലതിലും മമ്മൂട്ടി ആയിരുന്നില്ല ഡബ്ബ് ചെയ്തിരുന്നത്.അത്തരത്തിൽപ്പെട്ട ഒരു ചിത്രമാണ്‌ 1981ൽ പുറത്തിറങ്ങിയ പിജി വിശ്വംഭരൻ സംവിധാനം ചെയ്ത സ്ഫോടനം. ആ സിനിമയുടെ ഡബ്ബിങ് സമയത്ത് നടന്ന കാര്യങ്ങൾ പങ്കു വെക്കുകയാണ് ഇവിടെ. കെ.ജി ജോർജിന്റെ മേളയിൽ സ്വന്തമായി ഡബ്ബ് ചെയ്ത കൊണ്ട് ഗംഭീര ശബ്ദമാണ് തന്റേത് എന്ന അഹന്തയിലായിരുന്നു മമ്മൂട്ടി. പ്രസാദ് തീയേറ്ററിലാണ് സ്ഫോടനത്തിന്റെ ഡബ്ബിങ് നടക്കുന്നത്. സംവിധായകൻ പി.ജി വിശ്വംഭരൻ, തിരക്കഥാകൃത്തു ആലപ്പി ഷെരീഫ് സഹസംവിധായകനായ ശ്രീകുമാർ, ചെല്ലപ്പൻ എല്ലാവരും അവിടുണ്ട്. മമ്മൂട്ടിയും ഷീലയും ആയുള്ള കോമ്പിനേഷൻ രംഗങ്ങൾ ആണ് ഡബ്ബ് ചെയ്യുന്നത്. അവർ സഹോദരി- സഹോദരന്മാർ ആയിട്ടാണ് അഭിനയിക്കുന്നത്. ഡബ്ബിങ് തുടങ്ങി, മമ്മൂട്ടിയുടെ ഡബ്ബിങ് തീരെ ശരിയാവുന്നില്ല. ഷീല ആകെ അസ്വസ്ഥയായി. മമ്മൂട്ടി ആകെ തകർന്നു നിൽക്കുകയാണ്. സ്വന്തമായി ശബ്ദം കൊടുത്തില്ലെങ്കിൽ സിനിമ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നു മമ്മൂട്ടിക്ക് അറിയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആ സെറ്റിൽ തന്നെ ഉണ്ട്. രവികുമാർ! തമിഴ്നാട്ടിൽ ജനിച്ചു വളർന്ന രവികുമാറിനു വേണ്ടി സംഗീത സംവിധായകൻ രവീന്ദ്രൻ ആയിരുന്നു ആ കാലത്ത് കുളത്തൂപുഴ രവി എന്ന പേരിൽ ഡബ്ബ് ചെയ്തിരുന്നത്.

ഡബ്ബിങ് ശെരി ആവാതെ നിന്ന മമ്മൂട്ടിയെ സംവിധായകൻ വിശ്വംഭരൻ സർ സമാധാനിപ്പിച്ചു. ഷീല ഡബ്ബ് ചെയ്തിട്ട് പോവട്ടെ.. നമുക്ക് വീണ്ടും ശ്രെമിക്കാം എന്നു പറഞ്ഞു. പക്ഷേ ഇങ്ങനെ സമയം പോയാൽ ശെരി ആവില്ല എന്നു മനസ്സിലാക്കിയ അദ്ദേഹം തീരുമാനിച്ചു മമ്മൂട്ടിയെ കൊണ്ട് ഡബ്ബ് ചെയ്യിക്കണ്ട എന്ന്. പക്ഷെ വിഷമിച്ചു നിൽക്കുന്ന മമ്മൂട്ടിയോട് അത് നേരിട്ടു പറയാൻ വയ്യ. അവസാനം സഹസംവിധായകൻ ശ്രീകുമാർ പറഞ്ഞു." ആശാനെ ഈ പടത്തിൽ ആശാൻ ഡബ്ബ് ചെയ്യുന്നില്ല.."അങ്ങനെ മമ്മൂട്ടിയുടെ ഡബ്ബിങ് ശെരിയാവാത്ത കൊണ്ട് അന്തിക്കാടു മണി ആണ് മമ്മൂട്ടിക്കു വേണ്ടി അന്ന് ഡബ്ബ് ചെയ്തത്.ഇപ്പോഴും ആ സിനിമ കാണുമ്പോൾ മമ്മൂക്കയുടെ മനോഹര ശബ്ദം ഇല്ലല്ലോ എന്ന കുറവ് പലർക്കും തോന്നാറുണ്ട്.

Comments