മോഹൻ സിത്താര -മലയാളം കണ്ട അണ്ടർ റേറ്റഡ് സംഗീത സംവിധായകൻ..

 


മലയാള സിനിമയിൽ ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ശ്രീ മോഹൻ സിതാര. ചെയ്ത സൃഷ്ടികൾ ഭൂരിഭാഗവും ശ്രെദ്ധിക്കപ്പെട്ടെങ്കിലും അർഹിച്ച പരിഗണന മലയാള സിനിമ ഈ കലാകാരന് കൊടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. മലയാളത്തിലെ മികച്ച സംഗീത സംവിധായകരെ കുറിച്ച് സംസാരിക്കുമ്പോൾ പലരും ബോധപൂർവമോ അല്ലാതെയോ വിസ്മരിക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്.

1959ൽ തൃശൂർ ജില്ലയിലെ ചാവക്കാടിനു അടുത്തുള്ള മുല്ലശേരിയിലാണ് മോഹൻ സിതാരയുടെ ജനനം.തന്റെ ആദ്യകാലത്തു ചില ട്രൂപുകളിൽ വയനലിസ്റ്റ് ആയി ജീവിതം തുടങ്ങിയ അദ്ദേഹം പിൽകാലത്തു ശ്യാം, എം. ജി രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ എന്നിവരുടെ കൂടെ കമ്പോസിംഗിൽ പങ്കെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും ശ്രെദ്ധിക്കപെട്ടത് പെരുമ്പാവൂർ ജി രവീന്ദ്രനാധിന്റെ കൂടെ വർക്ക്‌ ചെയ്ത തൂവാന തുമ്പികൾ ആണ്.

1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകൻ ആകുന്നത്. അതിൽ ജി വേണുഗോപാൽ ആദ്യമായി ആലപിച്ച രാരീ രാരീരം രാരോ എന്ന ഗാനം ഏറെ ശ്രെദ്ധിക്കപ്പെട്ടു.പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങൾ.
1986-90 കാലഘട്ടത്തിൽ മുദ്ര, ചാണക്യൻ, കുടുമ്പപുരാണം തുടങ്ങി അദ്ദേഹത്തിന്റെ ശ്രെദ്ധിക്കപ്പെട്ട വർക്കുകൾ നിരവധിയാണ്. 1990- 2006 കാലഘട്ടം അദ്ദേഹത്തിന്റെ സുവർണ കാലഘട്ടമായി കണക്കാക്കാം. കാവടിയാട്ടം, കളിവീട്, കഥാനായകൻ, ദീപസ്തംഭം മഹാശ്ചര്യം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മഴവില്ല്, ജോക്കർ, വല്യേട്ടൻ, ഇഷ്ടം, കരുമാടികുട്ടൻ, രക്ഷസരാജാവ്, ഷാർജ ടു ഷാർജ, ഊമപ്പെണ്ണിന് ഉരിയാടപയ്യൻ, കുഞ്ഞികൂനൻ, നമ്മൾ, കുബേരൻ, സ്വപ്നകൂട്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപനവും, കാഴ്ച, തന്മാത്ര, പളുങ്ക്, രാപ്പകൽ, കറുത്തപക്ഷികൾ തുടങ്ങി നിരവധി ശ്രെദ്ധിക്കപെട്ട സിനിമകളിൽ മികച്ച ഗാനങ്ങൾ സമ്മാനിക്കാൻ അദ്ദേഹത്തിനായി.

2009ൽ ഭ്രമരം, സൂഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രെദ്ധിക്കപ്പെട്ടു. സൂഫി പറഞ്ഞ കഥയ്ക്കു മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും ലഭിച്ചു.
പിന്നീട് അങ്ങോട്ട് അദ്ദേഹം ചെയ്ത ഗാനങ്ങളിൽ ശ്രെദ്ധിക്കപെട്ടത് വിരലിൽ എണ്ണാവുന്നത് മാത്രം ആണ്.പതുക്കെ പതുക്കെ അദ്ദേഹത്തിന് സിനിമകളും കുറഞ്ഞു.അവസാന 5 വർഷം എടുത്താൽ അദ്ദേഹത്തിന് എത്ര സിനിമകൾ ലഭിച്ചു എന്ന് വരെ സംശയമാണ്.ഒരു കാലത്ത് ജ്വലിച്ചു നിന്ന അദ്ദേഹത്തിന് എന്തു സംഭവിച്ചു? സിനിമ മാറിയതോ അതോ അദ്ദേഹത്തിന് വന്ന മാറ്റമോ?ഈ വർഷം ജൂലായിൽ അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വെച്ച ചിത്രത്തിൽ അസുഖ ബാധിതനായും ക്ഷീണിതനായും കാണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകൻ വിഷ്ണുവും ഇപ്പോൾ സംഗീത സംവിധാന രംഗത്തുണ്ട്..

Comments