ഇതു കൊണ്ട് ഇനി അരി വാങ്ങാമെന്നു മമ്മൂക്ക പറഞ്ഞു : രഞ്ജി പണിക്കർ


പ്രതീക്ഷിക്കാതെ അഭിനയ രംഗത്തേക്ക് കടന്നു വന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കർ. ഹോട്ട്സ്റ്റാറിൽ റിലീസ് ആയ മാസ്റ്റർപീസ് എന്ന വെബ്സീരിസിന്റെ പ്രൊമോഷൻ പരിപാടിയിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.

 " എഴുത്തുകാരൻ ആയ ഞാൻ എന്തിനു അഭിനയിക്കണം എന്നുള്ള ചിന്തയായിരുന്നു ആദ്യം മുതൽ എനിക്ക്.പക്ഷേ ഷാജി കൈലാസ് എന്നെ ഏതെങ്കിലും സീനിലേക്ക് നിർബന്ധിച്ചു കൊണ്ടു വരും. ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ ആൾക്കൂട്ടത്തിനിടയിൽ ഞാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനു ശേഷം ഞാൻ സിനിമയിൽ ഉണ്ടെങ്കിൽ നല്ല രാശി ആണെന്ന് ഷാജി വിശ്വസിക്കാൻ തുടങ്ങി. പിന്നീട് തലസ്ഥാനം, മാഫിയ ഇതിലെല്ലാം ചെറിയ വേഷങ്ങൾ ചെയ്യേണ്ടി വന്നു.കുറെ വർഷങ്ങൾക്കു ശേഷം ഓം ശാന്തി ഓശാന എന്ന ചിത്രത്തിലേക്കു വന്ന ക്ഷണം ഞാൻ നിരസിച്ചതായിരുന്നു. പക്ഷേ ജൂഡ് ഒക്കെ നിർബന്ധിച്ചപ്പോ ചെയ്തു പോയതാണ്. അതിനു ശേഷം എന്നെ ആരും വിളിക്കില്ലെന്നു കരുതി. പക്ഷേ പിക്കറ്റ് 43, മുന്നറിയിപ്പ് പോലെ ഉള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ വീണ്ടും തേടി വന്നു. അങ്ങനെ ഇരിക്കെ രഞ്ജിത്തിന്റെ ഞാൻ എന്ന ചിത്രത്തിൽ നല്ല ഒരു വേഷം ചെയ്തു. അത് കണ്ടിട്ട് ഒരു ദിവസം രാവിലെ തന്നെ മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു.  ഞാൻ സിനിമ കണ്ടു. എടോ താൻ നന്നായിട്ടുണ്ട്. ആദ്യം കളിയാകുവാണെന്നു ഞാൻ കരുതി. പക്ഷേ മമ്മൂക്ക ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്. അഭിനയം കൊണ്ട് തനിക്ക് ഇനി അരി വാങ്ങാം എന്നും പറഞ്ഞു. ആ കോംപ്ലിമെന്റ് എനിക്ക് തന്ന ഊർജം വളരെ വലുതായിരുന്നു. കാരണം അദ്ദേഹം മോശമാണെങ്കിൽ മോശം എന്ന് മുഖത്ത് നോക്കി പറയാൻ ഒരു മടിയും ഇല്ലാത്ത ആളാണ്. അങ്ങനെ എനിക്ക് തന്നെ തോന്നി ഈ ഫീൽഡ് എനിക്ക് പറ്റുമെന്നു. പിന്നീടാണ് തുടരെ തുടരെ ഒരുപാട് ചിത്രങ്ങൾ ലഭിക്കുന്നതും അഭിനയ രംഗത്ത് സജീവമാകുന്നതും". രഞ്ജി പണിക്കർ പറഞ്ഞു.

Comments