യുവനടന്മാരിൽ പതിയെ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന ഒരു നായക നടനാണ് അമിത് ചക്കാലയ്ക്കൽ. ആത്മ എന്നൊരു മലയാളം ആൽബത്തിലൂടെയാണ് അമിത്തിന്റെ അരങ്ങേറ്റം.പിന്നീട് ഏഷ്യാനെറ്റിലെ മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ അവാർഡ് ഷോയിലൂടെയാണ് അമിത് ശ്രെദ്ധിക്കപ്പെടുന്നത്.എല്ലാവർക്കും ഒരു പരിചയം തോന്നുന്ന പോലത്തെ മുഖമാണ് അമിതിന്റേത്. 2013ൽ ഹണിബീ എന്ന ചിത്രത്തിൽ ഭാവനയുടെ സഹോദരനായി സിനിമയിൽ കണ്ടപ്പോഴും പലരും പറഞ്ഞു ഈ നടനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.സത്യത്തിൽ അമിതിന്റെ ആദ്യത്തെ പേരുള്ള കാരക്റ്റർ റോൾ ആയിരുന്നു അത്. അതിനു മുൻപ് ABCD ൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി അമിത് വേഷമിട്ടിരുന്നു. പിന്നീട് ഇയോബിന്റെ പുസ്തകം,കിങ് ലിയർ, പ്രേതം 2, വാരികുഴിയിലെ കൊലപാതകം, യുവം, ആഹ, അങ്ങനെ അവസാനം പ്രാവ് എന്ന ചിത്രത്തിലെ നായക വേഷത്തിൽ വരെ എത്തി നിൽക്കുന്നു.
പ്രാവ് സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷനിടെ മമ്മൂട്ടി-മോഹൻലാൽ എന്നീ പ്രതിഭകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അമിത്. അമിത് ഒരു മമ്മൂട്ടി ഫാൻ ആണെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തെ കുറിച്ചായിരുന്നു അമിത് കൂടുതൽ സംസാരിച്ചത്."ഞാൻ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ റോഷൻ ആൻഡ്റൂസ് ഞങ്ങളുടെ മുൻപിലൊക്കെ ഭയങ്കര ചൂടനായിരുന്നു. എന്നാൽ ലാലേട്ടൻ സെറ്റിൽ ജോയിൻ ചെയ്തപ്പോ മുതൽ അദ്ദേഹം ആകെ മാറി. ലാലേട്ടന്റെ ഷോട്ട് എടുക്കുന്നതിനിടയിൽ തുള്ളി ചാടി കൊണ്ട് "യെസ് " എന്നൊക്കെ പറയുന്നത് കണ്ടു. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് വേണ്ടത് കിട്ടി എന്നുള്ള സന്തോഷം ആണ് അത്. ഇതിനു മുൻപ് ലാലേട്ടനെ വെച്ച് മൂന്നു നാല് ചിത്രങ്ങൾ ചെയ്ത ആളാണ് അദ്ദേഹം. എന്നിട്ടും റോഷൻ സാറിനെ ഇങ്ങനെ ഹാപ്പി ആക്കാൻ ലാലേട്ടന് കഴിയുന്നുണ്ടെങ്കിൽ ഞാനൊക്കെ അദ്ദേഹത്തിന്റെ ആരാധകനായി മാറാതിരിക്കുന്നത് എങ്ങനെയാണു? "ഞങ്ങളുടെ ഷോട്ടുകൾ കഴിഞ്ഞപ്പോൾ ഒന്നും റോഷൻ സാർ ഇങ്ങനെ സന്തോഷവാനായി കണ്ടിട്ടില്ല."- ചെറിയ വിഷമത്തോടെ അമിത് പറഞ്ഞു.
കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ വെച്ച് നടന്ന മറ്റൊരു കാര്യം കൂടി അമിത് പറഞ്ഞു."ആ സെറ്റിൽ പ്രൊസ്തെറ്റിക് മേക്കപ്പിന് വേണ്ടി നല്ല സുന്ദരിയായ ഒരു നോർത്ത് ഇന്ത്യൻ യുവതി ഉണ്ടായിരുന്നു. അവൾക് ലാലേട്ടനെ വലിയ മൈൻഡ് ഒന്നും ഇല്ല. അവളുടെ കണ്ണിൽ ലാലേട്ടൻ പ്രായമുള്ള, തടിയുള്ള ഒരാൾ മാത്രം. പക്ഷേ ലാലേട്ടൻ പെർഫോം ചെയ്യാൻ തുടങ്ങിയപ്പോ മുതൽ അവളുടെ മുഖം തന്നെ മാറി. കൂളിംഗ് ഗ്ലാസ് മാറ്റി ലാലേട്ടനെ തന്നെ നോക്കി നില്കുവായിരുന്നു. കാരണം അദ്ദേഹത്തിന്റെ പ്രകടനം ലൈവ് ആയിട്ട് കാണാൻ അത്രക്ക് ഗംഭീരമാണ്. ആ ഒരു നോർത്ത് ഇന്ത്യൻ യുവതിയെ അദ്ദേഹം പെർഫോമൻസ് കൊണ്ട് ഫാൻ ആക്കി മാറ്റി. അപ്പോൾ പിന്നെ ഞങ്ങളെ പോലെ ഉള്ള യുവതാരങ്ങളുടെ കാര്യം പറയണോ?"അമിത് പറഞ്ഞു...
Comments
Post a Comment