സൂപ്പർഹിറ്റ്‌ ഗാനങ്ങളുടെ തോഴൻ ഇന്നെവിടെ?

മലയാളത്തിൽ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ആയിരുന്നു അലക്സ്‌ പോൾ.2007ൽ പുറത്തിറങ്ങിയ മായാവിയിലെ മുറ്റത്തെ മുല്ലേ ചൊല്ല് എന്ന ഗാനം അക്കാലത്തു മൂളി നടക്കാത്തവർ ഉണ്ടാവില്ല.പണ്ട് രമേശ്‌ പിഷാരടി പങ്കെടുത്ത ഒരു പരിപാടിയിൽ ഒരു കുട്ടി ഒരു പാട്ടു പാടാമെന്നു പറഞ്ഞപ്പോൾ പിഷാരടി ചോദിച്ചു ഏത് പാട്ടാണെന്നു. അപ്പോൾ ആ കുട്ടി പറഞ്ഞു "മുറ്റത്തെ മുല്ലേ ചൊല്ല് ". അതു കേട്ട് പിഷാരടിയുടെ മറുപടി "ഓ ദേശീയ ഗാനം" എന്നായിരുന്നു. അത്രക്ക് പോപ്പുലർ ആയിരുന്നു ആ ഗാനം.പക്ഷേ ഇന്ന് അലക്സ്‌ പോളിനെ മലയാളികൾ മറന്നോ? നടനും സംവിധായകനുമായ ലാലിന്റെ സഹോദരൻ ആയിട്ടു പോലും അദ്ദേഹത്തിന് വേണ്ടത്ര സിനിമകൾ ലഭിച്ചില്ലേ?

കൊച്ചിൻ കലാഭവനിൽ നിന്നു കലാജീവിതം തുടങ്ങിയ അലക്സ്‌ പോൾ വൈകാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങി. ആദ്യ കാലങ്ങളിൽ സീരിയലുകൾക്കും ആൽബം സോങ്‌സിനും വേണ്ടി മാത്രമാണ് പ്രവർത്തിച്ചിരുന്നത്.അങ്ങനെ ഇരിക്കെ 2004ൽ ലാൽ ക്രീയേഷൻസിന്റെ ബാനറിൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.ചതിക്കാത്ത ചന്തുവിലെ ഗാനങ്ങൾ എല്ലാം തന്നെ ശ്രെദ്ധിക്കപ്പെട്ടത്തോടെ അലക്സ്‌ പോളിന്റെ കൈ നിറയെ ചിത്രങ്ങൾ ആയി.ആ വർഷം തന്നെ മമ്മൂട്ടി രഞ്ജിത് ടീമിന്റെ ബ്ലാക്ക് എന്ന ചിത്രം അലക്സ്‌ പോളിന്റെ കയ്യിൽ കിട്ടി. ബ്ലാക്കിലെ അമ്പലക്കര തെച്ചിക്കാവില് പൂരം ഹിറ്റ്‌ ഗാനമായി മാറി.2005ലെ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം തൊമ്മനും മക്കളും എല്ലാ ഗാനങ്ങളും ശ്രെദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു.ആ വർഷം തന്നെ ഇറങ്ങിയ മമ്മൂട്ടിയുടെ ഇൻഡസ്ടറി ഹിറ്റ്‌ ആയ രാജമാണിക്യവും അലക്സ്‌ പോൾ സംഗീതം നൽകിയ ചിത്രമായിരുന്നു.

അലക്സ്‌ പോൾ എന്നത് ആ കാലത്തെ സിനിമയിലെ ഒരു അഭിവാജ്യ ഘടകം തന്നെ ആയിരുന്നു. വയലാർ ശരത്ചന്ദ്ര വർമ - അലക്സ്‌ പോൾ കൂട്ടുകെട്ട് ഒരു ഭാഗ്യജോഡി പോലെ പിറവി കൊള്ളുകയായിരുന്നു. പിന്നീട് അങ്ങോട്ട് ബാബ കല്യാണി, ക്ലാസ്സ്‌മേറ്റ്സ്,ഹലോ, വാസ്തവം,തുറുപ്പുഗുലാൻ,മായാവി, അച്ഛനുറങ്ങാത്ത വീട്,പോത്തൻ വാവ, ചോക്ലേറ്റ്, തലപ്പാവ്,2 ഹരിഹർ നഗർ, ചട്ടമ്പിനാട്,സീനിയർസ്, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ അനവധി ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിക്കാൻ അലക്സ്‌ പോളിന് സാധിച്ചു. സമയത്തിൽ എപ്പോഴും വിശ്വസിക്കുന്ന മലയാള സിനിമയിൽ ചില ചിത്രങ്ങളുടെ പരാജയം ചിലപ്പോൾ അലക്സ്‌ പോളിനേം ബാധിച്ചിരിക്കാം. 2016ൽ പുറത്തിറങ്ങിയ കിങ് ലയറിനു ശേഷം ഒരു മുൻനിര നടന്റെ സിനിമ പോലും അലക്സ്‌ പോളിന് ലഭിച്ചില്ല.അദ്ദേഹം മ്യൂസിക് തെറാപ്പി പോലെയുള്ള ചില കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധ കേന്ദ്രീകരിച്ചതാണോ അതോ മറ്റേതെങ്കിലും കാരണം കൊണ്ടാണോ മലയാള സിനിമയിൽ സജീവമല്ലാത്തത്?ഇടയ്ക്ക് അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്നൊക്കെ കേട്ടിരുന്നു.ക്ലാസ്സ്‌മേറ്റ്സ്സിലെ "എന്റെ ഖൽബിലെ"പോലെയുള്ള ഗംഭീര ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഓരോ മലയാളിയും ആഗ്രഹിക്കുന്നുണ്ട്. ഓർമ ചിത്രങ്ങൾ എന്ന പുതിയ ചിത്രത്തിന്റെ റെക്കോർഡിങ് വേളയിൽ ഗായിക മഞ്ജരി പങ്കു വെച്ച ചിത്രമാണ്‌ അദ്ദേഹത്തെ കുറിച്ച് ഇത്രയും എഴുതാൻ ഉള്ള പ്രചോദനം.. അദ്ദേഹം നല്ല ഗാനങ്ങളുമായി മലയാള സിനിമയിൽ സജീവമാകും എന്ന് നമുക്ക് പ്രത്യാശിക്കാം...


Comments