ഇടയ്ക്കു വെച്ച് നിന്നു പോയ മമ്മൂട്ടിചിത്രം..



1971ലെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ മുഖം കാണിച്ച ശേഷം മമ്മൂട്ടിക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. മാത്രമല്ല പഠനത്തിലും തുടർന്ന് ലഭിച്ച വക്കീൽ ജോലിയിലും വിവാഹസംബന്ധമായ തിരക്കിലും പെട്ടു പോയി മമ്മൂട്ടി.അങ്ങനെ ഇരിക്കെ ആണ് എറണാകുളത് ജനശക്തി ഫിലിംസിന്റെ ചലച്ചിത്രമേള നടന്നത്. ചലച്ചിത്ര മേളയുടെ സംഘാടകരിൽ ഒരാൾ മമ്മൂട്ടിയുടെ സുഹൃത്തായിരുന്ന വൈക്കം രമേശൻ ആയിരുന്നു. അങ്ങനെ എം ടിയെ പരിചയപ്പെട്ടു. ചെറുകാടിന്റെ ദേവലോകം എം ടിക്ക് സിനിമ ആക്കാൻ പ്ലാൻ ഉണ്ടെന്നു ഈ രമേശൻ വഴി ആണ് മമ്മൂട്ടി അറിയുന്നത്. ആദ്യ കാഴ്ച്ചയിൽ ഒന്നു നോക്കുക മാത്രം ചെയ്ത എം ടി പറഞ്ഞു ഞാൻ ഹോട്ടലിലേക് പോകുവാണ്. അവിടെ വെച്ച് സംസാരിക്കാം. അങ്ങനെ മമ്മൂട്ടി രമേശനുമൊപ്പം ഹോട്ടലിൽ എത്തി. ചില ഔപചാരിക കാര്യങ്ങൾ മാത്രം ചോദിച്ച ശേഷം എം ടി മമ്മൂട്ടിയോട് പറഞ്ഞു "അറിയിക്കാം".

അങ്ങനെ മാസങ്ങൾ കടന്നു പോയി. അങ്ങനെ ഒരു ദിവസം ഷൂട്ടിംഗിന് ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ട് ജനശക്തി ഓഫീസിൽ നിന്നും കത്തു വന്നു.അങ്ങനെ ആണ് മമ്മൂട്ടി ദേവലോകത്തിൽ എത്തുന്നത്. ഇതിനിടക്ക്‌ മമ്മൂട്ടിയുടെ വിവാഹവും കഴിഞ്ഞു. കല്യാണം കഴിഞ്ഞു അധികം ദിവസങ്ങൾ ആകുന്നതിനു മുൻപേ ഷൂട്ടിംഗിന് പുറപ്പെടേണ്ടി വന്നു. പാലക്കാട്‌ ആയിരുന്നു ഷൂട്ടിംഗ്.സാപ്പു എന്നറിയപ്പെടുന്ന എസ് എ അപ്പു ആയിരുന്നു നായകൻ. ജയമാലയും വനമാലയും ആയിരുന്നു നായികമാർ.

ലൊക്കേഷനിൽ എത്തി മൂന്ന് നാല് ദിവസങ്ങൾക്കു ശേഷമാണു മമ്മൂട്ടിയുടെ ഭാഗങ്ങൾ ഷൂട്ട്‌ ചെയ്തത്.പാപ്പച്ചൻ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. രാഷ്ട്രീയം ആയിരുന്നു സിനിമയുടെ പ്രമേയം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലാസമ്മേളനം ആണ് അന്ന് എടുക്കുന്ന സീൻ. വിപ്ലവ ഗാനങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും ഇടയിലൂടെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകുന്നതായിരുന്നു മമ്മൂട്ടിയുടെ ആദ്യ സീൻ.അദ്ദേഹം അതിൽ നന്നായി തന്നെ പെർഫോം ചെയ്തു.അടുത്ത ദിവസങ്ങളിൽ പാർട്ടി ഓഫീസിൽ വെച്ചുള്ള ചില സീനുകളും എടുത്തു. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അത്ര സുഗമമായിരുന്നില്ല.സംവിധായകൻ എം ടി ആവശ്യപെടുന്ന സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രൊഡക്ഷൻ ടീമിന് കഴിയുന്നില്ല.അങ്ങനെ അധികം വൈകാതെ ദേവലോകത്തിന്റെ ഷൂട്ടിങ് നിലച്ചു. താൻ കഥാപാത്രത്തിന് വേണ്ടി തയ്യാറാക്കി കൊണ്ടു വന്ന വസ്ത്രങ്ങളുടെ ചെലവ് കൂടി പരിഗണിച്ചു കൊണ്ട് മമ്മൂട്ടിക്ക് അന്ന് 50 രൂപ പ്രതിഫലം ലഭിച്ചു. ദേവലോകം നിന്നു പോയെങ്കിലും അന്ന് എം ടിയുമായി ഉണ്ടായ സൗഹൃദത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ തന്റെ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിൽ അവസരം ലഭിക്കുന്നതും പിന്നീട് പതിയെ മമ്മൂട്ടി മലയാള സിനിമയിൽ സജീവമാകുന്നതും..

Comments